1 Chronicles 20

രബ്ബ പിടിച്ചടക്കുന്നു

1അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, യോവാബ് സൈന്യത്തെ നയിച്ചുചെന്ന് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ചു തകർത്തുകളഞ്ഞു. 2ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത്
ഏക. 34 കി.ഗ്രാം.
സ്വർണം എന്നുകണ്ടു; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു.
3അദ്ദേഹം അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.

ഫെലിസ്ത്യരുമായുള്ള യുദ്ധം

4ഈ സംഭവത്തിനുശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫാത്യരുടെ പിൻഗാമികളിൽ മല്ലനായ സിപ്പായിയെ വധിച്ചു; പിന്നെ ഫെലിസ്ത്യർ കീഴടങ്ങി.

5ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരൻ ലഹ്മിയെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.

6ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ, കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു. 7അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.

8ഇവർ ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.

Copyright information for MalMCV